തിരുവനന്തപുരം: 2025-ലെ കേരള സംസ്ഥാന ബജറ്റിൽ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. വിഴിഞ്ഞത്തെ ഒരു പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബായി വികസിപ്പിക്കുകയും കയറ്റുമതി-ഇറക്കുമതി തുറമുഖമായി മാറ്റുന്നതിനാണ് ലക്ഷ്യം.
ഗതാഗത ശൃംഖല മെച്ചപ്പെടുത്തും
പദ്ധതി എൻഎച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, എംസി റോഡ്, മലയോര-തീരദേശ ഹൈവേ, റെയിൽപാതകൾ എന്നിവയെ ശക്തിപ്പെടുത്തും. വ്യാവസായിക പാർക്കുകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, സംഭരണയൂണിറ്റുകൾ എന്നിവ ഇടനാഴിയിലൂടെ സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത എസ്പിവി മോഡൽ വഴി പദ്ധതിയുടെ പ്രവർത്തനം ഉറപ്പാക്കും.
ദുരന്തബാധിതർക്ക് 750 കോടി രൂപയുടെ പുനരധിവാസ പദ്ധതി
2024 ജൂലൈ 30-ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടലിൽ വൻ നഷ്ടം സംഭവിച്ചതായി ധനമന്ത്രി വ്യക്തമാക്കി. 1202 കോടി രൂപയുടെ നഷ്ടം ഉണ്ടായതോടെ, പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമായി 2221 കോടി രൂപ വേണ്ടിവരുമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തു. 750 കോടി രൂപയുടെ ആദ്യ ഘട്ട പുനരധിവാസ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല, ഇതിന് കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം-കോഴിക്കോട് മെട്രോ ഉടൻ യാഥാർഥ്യമാകും
തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ട പ്രവർത്തനം ഈ വർഷം ആരംഭിക്കും. കൊച്ചി മെട്രോ വികസനവും സർക്കാർ അതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെട്രോയും യാഥാർഥ്യമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യങ്ങൾ
സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യും. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡുകൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. ജീവനക്കാരുടെ DA കുടിശ്ശികയുടെ ലോക്ക്-ഇൻ പീരീഡ് ഒഴിവാക്കും.
കേരളം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു
“ഒരു സന്തോഷവാർത്ത പറയാനുണ്ട്” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2025ലെ ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചു എന്നത് വലിയ നേട്ടമാണെന്ന് ധനമന്ത്രി പറഞ്ഞു. ധനസ്ഥിതി മെച്ചപ്പെട്ടതോടെ, കേരളം വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




