കൊച്ചി: നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമിതമായ ഹോൺ ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും കുറയ്ക്കുന്നതിനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേക ബോധവത്ക്കരണവും പരിശോധനകളും നടക്കും.
‘നോ ഹോൺ ഡേ’യുടെ ഭാഗമായി ബസ് സ്റ്റാൻഡുകളും ഓട്ടോ സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ ഉണ്ടാകും. ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവയുടെ പരിസരത്ത് ഹോൺ മുഴക്കുന്നവർക്ക് പൊലീസ് നടപടി നേരിടേണ്ടി വരും.





