Kerala News

ഷൈന്‍ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവിന്റെ സംസ്‌കാരം രാവിലെ മുണ്ടൂരില്‍

തൃശൂര്‍: തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മ്മല മാതാ പള്ളിയില്‍ നടക്കും.

സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷൈനിനെ രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് തിരികെ ആശുപത്രിയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെങ്കിലും ഷൈനിന് ആറാഴ്ചകളോളം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

അപകടത്തില്‍ ഷൈനിന്റെ ഇടതു തോളിന് മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലുമാണ് സംഭവിച്ചത്. അദ്ദേഹവും ഗുരുതരമായി പരിക്കേറ്റ അമ്മ മരിയ കാര്‍മലയും സണ്‍ ആശുപത്രിയിലാണ് തുടരുന്നത്. മരിയയ്ക്ക് ഇടുപ്പെല്ലിന് ഗുരുതര പരിക്കുണ്ട്, സ്ഥാനചലനവുമുണ്ടായി. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. രണ്ടുമാസത്തെ പൂര്‍ണ വിശ്രമം ആവശ്യമായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

മരിയയുടെ ആരോഗ്യസ്ഥിതി ഇപ്പോഴത്തെ ഘട്ടത്തില്‍ ആശങ്കാപാടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഇവരെ അറിയിച്ചിട്ടില്ല. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്.

ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് വെള്ളിയാഴ്ച രാവിലെ 6 മണിയോടെ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പ്പെടുന്നത്. ലോറിയുടെ പിന്നിലേക്കാണ് വാഹനം ഇടിച്ചതെന്നാണ് ഡ്രൈവര്‍ അനീഷിന്റെ മൊഴി. പിതാവ് സി.പി. ചാക്കോയെ ഉടന്‍ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാക്കോയുടെ മൃതദേഹം ഇന്നലെ വൈകിട്ട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *