ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയകൾ’ സജ്ജമാക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമായ 60 സ്റ്റേഷനുകളിൽ ആദ്യ ഘട്ടത്തിൽ ഈ സംവിധാനം നടപ്പിലാക്കും.
ഹോൾഡിങ് ഏരിയകൾ വഴി പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുകയും, യാത്രക്കാർക്കുള്ള പ്രവേശനം നിർദ്ദിഷ്ട സമയക്രമമനുസരിച്ച് നടത്തുകയും ചെയ്യും. തങ്ങളുടെ ട്രെയിൻ പുറപ്പെടാനുള്ള സമയത്തിന് തൊട്ടുമുമ്പ് മാത്രമേ യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
രാജ്യത്തെ ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ തിരക്കേറിയ സ്റ്റേഷനുകളിലാണ് ആദ്യഘട്ട പദ്ധതി. പട്ന, ആറ, ബക്സര്‍, പ്രയാഗ്രാജ്, സൂറത്ത്, ന്യൂഡൽഹി, ബാംഗളൂരു, കോയമ്പത്തൂർ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും.
ഉത്സവങ്ങളിലും പ്രത്യേക പരിപാടികളിലും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോകോളും (SOP) റെയിൽവേ തയാറാക്കും. പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാൻ റെയിൽവേ വിദഗ്ധർ പ്രത്യേക മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.





