Education News

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വലിയ മാറ്റം; ഇനി വര്‍ഷത്തില്‍ രണ്ടു പൊതുപരീക്ഷ, സിബിഎസ്ഇ കരട് മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: പുതിയ അധ്യയനവര്‍ഷം മുതലുള്ള പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച വിപുലമായ മാറ്റങ്ങള്‍ സിബിഎസ്ഇ പ്രഖ്യാപിച്ചു. 2026 മുതല്‍ പരീക്ഷ വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുക. ആദ്യഘട്ടം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയും, രണ്ടാമത്തെ ഘട്ടം മേയ് 5 മുതല്‍ 20 വരെയുമാണ് നടക്കുക.

വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടുതവണ എഴുതുന്നവര്‍ക്ക് മികച്ച സ്കോറാണ് അന്തിമ ഫലമായി പരിഗണിക്കുക. ആദ്യഘട്ട പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി രണ്ടാമത്തെ ഘട്ടം എഴുതാന്‍ അവസരം ലഭിക്കും, പക്ഷേ സപ്ലിമെന്ററി പരീക്ഷകള്‍ ഇനി ഉണ്ടാകില്ല. രണ്ടാമത്തെ പരീക്ഷ മാത്രമെഴുതുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റിനുള്ള അവസരം ലഭിക്കില്ല.

പഠന ഉദ്ദേശ്യത്തില്‍ മാത്രം മാറ്റം വരുത്തുന്നതല്ല, പരീക്ഷാ ദിനങ്ങളില്‍ ഇടവേള കുറഞ്ഞതും പ്രധാന മാറ്റങ്ങളിലൊന്നാണ്. നിലവിലെ 32 ദിവസത്തെ പരീക്ഷാകാലം 16-18 ദിവസമായി ചുരുക്കും. പ്രധാന വിഷയങ്ങള്‍ക്കിടയില്‍ വലിയ ഇടവേളകളില്ലാതെ പരീക്ഷകള്‍ നടക്കും.

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ഒരേദിവസം നടത്തും. മറ്റ് സബ്ജക്റ്റുകള്‍ ഗ്രൂപ്പുകളായി തിരിച്ച്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പോലെയുള്ള വിഷയങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങളിലായി നടക്കും.

പൊതുജനങ്ങള്‍ക്ക് മാര്‍ച്ച് 9 വരെ കരട് മാര്‍ഗരേഖയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കാം. ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുമെന്നു സിബിഎസ്ഇ അറിയിച്ചു. 2026 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *