India News

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അം​ഗീകരിച്ചത്. എൻഡിഎ അം​ഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അം​ഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.

ബില്ലിൽ ഉൾപ്പെടുത്തിയ പ്രധാന വ്യവസ്ഥകളിൽ സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുക, ഒരു സ്വത്ത് വഖഫ് സ്വത്തായി നിശ്ചയിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ അനുവദിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ, വ്യക്തി തുടർച്ചയായി അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാകൂ എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബിൽ 2024 ഓഗസ്റ്റ് 8 ന് ബിജെപി അംഗം ജഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള ജെപിസിക്ക് അയച്ചിരുന്നു. ഫെബ്രുവരി 13 നാണ് ജെപിസി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *