തിരുവനന്തപുരം: കേരളത്തിലെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി എഐ ക്യാമറകൾ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതി പിഴ ഈടാക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2023 ജൂൺ 5 മുതൽ പ്രവർത്തനം ആരംഭിച്ച പദ്ധതിയിലൂടെ 9,097,613 നിയമലംഘനങ്ങൾ കണ്ടെത്തി, ഇതിന് 592.20 കോടി രൂപയുടെ പിഴ ചുമത്തിയെങ്കിലും സർക്കാർ നേടിയത് 152.27 കോടി മാത്രമാണ്, അഥവാ 25% മാത്രം.
സംസ്ഥാനത്ത് 675 എഐ ക്യാമറകളടക്കം 726 അത്യാധുനിക ക്യാമറകളാണ് നിയമലംഘകരെ പിടികൂടുന്നതിനായി സ്ഥാപിച്ചത്. അമിതവേഗത, സിഗ്നൽ ലംഘനം, അനധികൃത പാർക്കിംഗ് തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും പിഴ പിരിച്ചെടുക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പിഴ അടയ്ക്കാതെ നിയമലംഘകർ നിരത്തിൽ തുടരുന്നതാണ് പ്രധാന വിമർശനം. അതേസമയം, അപകടങ്ങൾ കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യം ഭാഗികമായി സഫലമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022-ൽ 4317 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2024-ൽ ഇത് 3774 ആയി കുറഞ്ഞിട്ടുണ്ട്. നിരീക്ഷണ സംവിധാനം മെച്ചപ്പെട്ടതോടെ അശ്രദ്ധമായ ഡ്രൈവിങ് കുറഞ്ഞതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.





