India News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപകമായി ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡ് പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടിയായി വിവിധ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്.

ഇഡി നടത്തിയ അന്വേഷണത്തില്‍, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും അതിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.

2022 സെപ്റ്റംബര്‍ 28ന്, രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. 2009ല്‍ രൂപീകരിക്കപ്പെട്ട എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *