കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (സി. കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 9 മണിക്ക് എ. കെ. ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതോടൊപ്പം മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. നയരേഖയില്‍ സംസ്ഥാനത്തെ വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും.
സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 486 പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരുമാണ്. 75 വനിതാ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായി. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം. എ. ബേബി, ബി. വി. രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ. വിജയരാഘവന്‍, എം. വി. ഗോവിന്ദന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനം ഞായറാഴ്ച സമാപിക്കും. സമാപനത്തിന് ഭാഗമായി ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജനറാലിയും നടക്കും.





