ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ദീർഘകാല ആവശ്യം സഫലമായി. ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. തുടർ നടപടികളുടെ ഭാഗമായി ബിൽ രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. പിന്നീട് പാർലമെന്റിന്റെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
ഇതേ വിഷയത്തിൽ 2023ലും നിയമസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും, അന്ന് ഒന്നാം പട്ടികയോടൊപ്പം എട്ടാം പട്ടികയിലും പേര് മാറ്റം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി മതിയാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പുതുക്കിയ പ്രമേയമാണ് പിന്നീട് അവതരിപ്പിച്ചത്.





