കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. 23 പ്രതികളാണ് കേസിലുള്ളത്, അവര്‍ക്കെതിരെ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇഡിയുടെ കണ്ടെത്തല്‍ പ്രകാരം, ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ധര്‍മരാജ് തന്റെ ഡ്രൈവര്‍ ഷംജീറിന് നല്‍കിയ 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിക്കപ്പെട്ടതായാണ് തെളിവുകള്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു.
കേസില്‍ പൊലീസിന്റെ കണ്ടെത്തലുകള്‍ തള്ളിയ ഇഡി, ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കൊണ്ടുവന്ന കുഴല്‍പണം കൊള്ളയടിക്കപ്പെട്ടുവെന്നായിരുന്നു ആരോപണം. എന്നാല്‍, കള്ളപ്പണം ബിജെപി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി മുമ്പ് വെളിപ്പെടുത്തിയിരുന്നു.