India News

രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് സുപ്രീംകോടതി രാഷ്ട്രപതിക്ക് സമയം നിശ്ചയിക്കുന്നത്.

ഭരണഘടനയുടെ 201ാം അനുച്ഛേദം പ്രകാരം ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾ സംബന്ധിച്ച നടപടികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമയപരിധിയെക്കുറിച്ച് ഇതുവരെ വ്യക്തമല്ലായിരുന്നു.

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി നിയമസഭ പാസാക്കിയ ബില്ലുകൾ വൈകിപ്പിച്ച് പിന്നീട് രാഷ്ട്രപതിക്ക് അയച്ച നടപടിയെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ ഈ നിർദേശം.

വിശദമായ വിധിപകർപ്പ് എല്ലാ ഗവർണർമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഹൈക്കോടതികൾക്കും അയക്കണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *