Kerala News

അങ്കണവാടികളിൽ ഇനി ‘കുഞ്ഞൂസ് കാർഡ്’; ശാരീരിക-ബൗദ്ധിക വളർച്ച വിലയിരുത്താൻ ശാസ്ത്രീയ മാർഗം

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ച പ്രായാനുസൃതമായി നിരീക്ഷിക്കാൻ ‘കുഞ്ഞൂസ് കാർഡ്’ എന്ന പുതിയ ശാസ്ത്രീയ മാർഗം അവതരിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് പുതിയ കാർഡിന്റെ പ്രകാശനം നിർവഹിച്ചത്.

കുട്ടിക്ക് സ്വയം നിർവഹിക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനം നൽകാനാകും എന്നതാണ് കാർഡിന്റെ മുഖ്യ സവിശേഷത. സംവേദനശേഷികൾ, സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ, ദന്താരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി വളർച്ചാ മാറ്റങ്ങൾ വിലയിരുത്താൻ കാർഡ് സഹായിക്കുന്നു.

കാർഡിൽ ഉയരം, തൂക്കം, ജനന വിവരങ്ങൾ, ആധാർ നമ്പർ, രക്തഗ്രൂപ്പ്, കുത്തിവെപ്പുകൾ, ഹാജർ നില, അലർജി എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത വിവരങ്ങളും അടങ്ങിയിരിക്കുന്നു. അങ്കണവാടി പ്രവർത്തകർ കുട്ടികളുടെ പ്രവർത്തനങ്ങൾ പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ബബിളുകൾ വഴി രേഖപ്പെടുത്തും — പച്ച (സ്വയം ചെയ്യുന്നു), മഞ്ഞ (സഹായത്തോടെ), ചുവപ്പ് (ചെയ്യാൻ കഴിയുന്നില്ല) എന്നിങ്ങനെ.

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ, ശിശുരോഗ വിദഗ്ധരും സിഡിസി തിരുവനന്തപുരം വിദഗ്ധരും ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് കാർഡിന്റെ രൂപകൽപ്പന നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *