India News

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് നിയമപരവും സ്വകാര്യതാ പ്രശ്‌നവും: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: പോളിങ് സ്‌റ്റേഷനുകളിലെ സിസിടിവി വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനത്തിനു ലഭ്യമാക്കണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ സ്വകാര്യതക്ക് ഭീഷണിയാകുകയും, ഭീഷണിപ്പെടുത്തല്‍, വിവേചനം, സമ്മര്‍ദ്ദം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലടക്കം ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍പ്പട്ടികയും, പോളിങ് ബൂത്തുകളിലെ വൈകുന്നേരത്തെ ദൃശ്യങ്ങളും പുറത്തുവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന അവകാശവാദം അദ്ദേഹം ഉന്നയിച്ചിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് അവരുടെ സുരക്ഷക്കും പൊതുതാല്‍പരത്തിനും തിരിച്ചടിയാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ജനാധിപത്യത്തിന് മഹാരാഷ്ട്ര മോഡല്‍ ഒരു ഭീഷണിയാണെന്നും ഇത് ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നുമാണ് രാഹുല്‍ എക്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്ന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപകരം കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തിയതും “തീരുമാനത്തെ കളങ്കിതമാക്കുന്നുവെന്നും” അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *