International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് ട്രംപ്; ഔദ്യോഗിക സ്ഥിരീകരണം ഇല്ല

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് ഇടയ്ക്ക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി വീണ്ടും സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇറാനും ഇസ്രയേലും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി രാവിലെ 7.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ട്വീറ്റ് ചെയ്തെങ്കിലും, തുടർന്ന് മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയും ചെയ്തു. തെക്കന്‍ ഇസ്രയേലിലെ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ നാലു ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്‍ സൈന്യം അവസാന നിമിഷം വരെ ധീരമായി പോരാടിയതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. ഇസ്രയേലാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ പ്രതികരണം നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ ശ്രമത്തിന് പ്രസിഡന്റ് ട്രംപിന് അഭിനന്ദനം അര്‍പ്പിച്ച് യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് രംഗത്തെത്തി.നമ്മെ സമാധാനത്തിലേക്ക് അടുപ്പിക്കുന്ന ഈ ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ നേടിയെടുക്കാന്‍ പ്രസിഡന്റ് ട്രംപിന് മാത്രമേ കഴിയൂ. ഇസ്രായേല്‍, ഇറാന്‍, മിഡില്‍ ഈസ്റ്റ്, അമേരിക്ക – മുഴുവന്‍ ലോകത്തിന്റെയും നന്ദി അര്‍ഹിക്കുന്ന ഒരു ബൃഹത്തായ ശ്രമമായിരുന്നു അത്. അഭിനന്ദനങ്ങള്‍, നന്ദി. തുള്‍സി ഗബ്ബാര്‍ഡ് എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *