India News

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് ഡാറ്റ പരിശോധനം തുടങ്ങി; നിർണായക വിവരങ്ങൾ ശേഖരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായ ബ്ലാക് ബോക്‌സ് ഡാറ്റ ലഭിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിലെ മുഖ്യ തെളിവുകളിലൊന്നായ ബ്ലാക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്ന് ജൂൺ 25-ന് ഡാറ്റ ഡൗൺലോഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു.

കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആര്‍) ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിശകലനം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകർന്നതിന്റെ തൊട്ടുമുമ്പ് എന്ത് സംഭവിച്ചുവെന്നതിന്റെ സൂചനകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

എഎഐബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നിരവധി മേഖലകളിലുള്ള വിദഗ്ധരടങ്ങുന്ന മൾട്ടി-ഡിസിപ്ലിനറി സംഘം സമഗ്ര അന്വേഷണം നടത്തുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13-ന് തന്നെ സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

അപകടത്തിന് കാരണമായത് എന്താണെന്നും, അത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള സുരക്ഷാ ശുപാർശകളും ഉൾപ്പെടെയുള്ളവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

അമേരിക്കൻ കമ്പനിയുടെ നിർമ്മിതിയാണ് തകർന്ന എയർ ഇന്ത്യ വിമാനം. അതിനാൽ, അമേരിക്കൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും, ഏവിയേഷൻ മെഡിസിൻ, എയർ ട്രാഫിക് കൺട്രോൾ മേഖലകളിലെ വിദഗ്ധരും അന്വേഷണം നടത്തുന്ന സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *