Kerala News

സിനിമ തിയേറ്റർ ലൈസൻസ് പുതുക്കൽ: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധം – ഹൈക്കോടതി

നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കേരള ഹൈക്കോടതിയിൽ നൽകിയ ഒരുകൂട്ടം റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ചിത്രവാണി തിയേറ്റർ, ഖയ്യാം തിയേറ്റർ, ദ്വാരക തിയേറ്റർ, സിതാസ് തിയേറ്റർ, ലിബർട്ടി സിനിമാസ് തലശ്ശേരി, ലിബർട്ടി സിനിമാസ് കണ്ണൂർ (അമ്പിളി തിയേറ്റർ), വി.ജി.എം/ വിനായക തീയേറ്റർ കാഞ്ഞങ്ങാട്, കൃഷ്ണ തിയേറ്റർ കഴക്കൂട്ടം, ചിപ്പി മൂവീസ് ചെങ്ങന്നൂർ, ഫെയറി ലാന്റ് തീയേറ്റർ നിലമ്പൂർ, മേളം അനുരാഗ് ഗീത സുമ തിയേറ്റർ ഷൊർണ്ണൂർ, അഗസ്ത്യാ സിനിമാസ് തൃശ്ശൂർ എന്നീ തിയേറ്ററുകളുടെ ഹർജികളാണ് തള്ളിയത്. റിട്ട് ഹർജികളിൽ തിയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ നിന്നും സെസ്സ് കുടിശ്ശിക അടയ്ക്കാതെ തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന താൽക്കാലിക ഉത്തരവ് സാമ്പാദിച്ചിരുന്നുവെങ്കിലും അത് ഹൈക്കോടതി റദ്ദാക്കിയതിനാൽ തിയേറ്റർ ലൈസൻസുകൾ താൽക്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതുക്കി നൽകിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റദ്ദു ചെയ്യണം.

 ഈ റിട്ട് ഹർജികളിൽ കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ ഡ്യൂസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ തിയേറ്റർ ലൈസൻസ് പുതുക്കുന്നതിനായുള്ള അപേക്ഷകൾ അതാത് കോർപ്പറേഷനുകളും/മുൻസിപ്പാലിറ്റികളും/പഞ്ചായത്തുകളും പരിഗണിക്കേണ്ടതാണെന്നുള്ള തീയേറ്റർ ഉടമകളുടെ ആവശ്യമാണ് മേൽപ്പറഞ്ഞ റിട്ട് ഹർജികൾ തള്ളുമ്പോൾ ഹൈക്കോടതി നിരാകരിച്ചത്.

സിനിമ തിയേറ്റർ ലൈസൻസ് പുതുക്കുന്നതിന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലേക്കുള്ള സെസ്സ് കുടിശ്ശിക മുഴുവനായും അടക്കണം. സിനിമ തിയേറ്റർ ലൈസൻസ് പുതുക്കുന്നതിനും  കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ ഡ്യൂസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ ആർ.സി വകുപ്പ് 2024 ജനുവരി 18 ന് ഉത്തരവ് ഇറക്കിയിരുന്നു. സെസ്സ് കുടിശ്ശിക വരുത്തിയ എല്ലാ തീയേറ്ററുകളുടെയും സെസ്സ് കുടിശ്ശിക ഒടുക്കേണ്ട ഉത്തരവാദിത്വം തിയേറ്റർ ഉടമയുടെതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സെസ്സ് ഈടാക്കുന്ന കാര്യത്തിലും അത് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അടക്കേണ്ട കാര്യത്തിലും വളരെ അധികം പ്രാധാന്യം നിയമനിർമ്മാണസഭ നൽകിയിട്ടുണ്ട്.  കൂടാതെ സെസ്സ് ഈടാക്കി അത് ക്ഷേമനിധി ബോർഡിൽ സമയബന്ധിതമായി അടച്ചില്ലായെങ്കിൽ അതാത് കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ പഞ്ചായത്ത് സെക്രട്ടറിയും/ പ്രസിഡന്റും/ ചെയർപ്പേഴ്സൺ എന്നിവരിൽ നിന്നും പിഴ ഈടാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേൽപ്പറഞ്ഞ വിധിമൂലം ക്ഷേമനിധി ബോർഡിൽ നിന്നും സെസ്സ് കുടിശ്ശിക ഇല്ല എന്ന നോ ഡ്യൂസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തിയേറ്റർ ലൈസൻസുകൾ കൊടുക്കുവാനോ പുതുക്കി നൽകുവാനോ പാടുള്ളതല്ല. അങ്ങിനെ ചെയ്യുന്നത് നിയമ വിരുദ്ധവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ്.  കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന് വേണ്ടി സീനിയർ കൗൺസൽ സുധി വാസുദേവ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *