Kerala News

സാമൂഹ്യനീതി നിലനിർത്തിയ തീരുമാനത്തിന് മന്ത്രി ആർ. ബിന്ദുവിന്റെ അഭിനന്ദനം

കൂടൽമാണിക്യം ദേവസ്വം കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖാന്തിരം നിയമനം നേടിയ കെ.എസ്. അനുരാഗിനെ ജോലിയിൽ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ച ക്ഷേത്ര ഭരണസമിതിയെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അഭിനന്ദിച്ചു.

നിയമനം നേടിയ അനുരാഗിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും, നിയമനവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ ഇടപെടൽ ഭരണഘടനയുടെ ഊർജസ്രോതസ്സായ സാമൂഹ്യനീതിയും സമഭാവനയും ഉയർത്തിപ്പിടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ഭരണസമിതി, നിയമനം നേടിയവർക്കു പരിരക്ഷയും പിന്തുണയും നൽകിക്കൊണ്ട് നീതിന്യായ വ്യവസ്ഥ അംഗീകരിച്ച സാമൂഹ്യനീതി താല്പര്യം നടപ്പിലാക്കിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ തീരുമാനത്തെ വിവാദരഹിതമായി അംഗീകരിക്കേണ്ടതുണ്ടെന്നും, എന്നാൽ ക്ഷേത്ര തന്ത്രിമാർ ഭരണസമിതിക്ക് വിയോജിപ്പ് രേഖപ്പെടുത്തി കത്ത് നൽകിയതത് ഖേദകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട ചാതുർവർണ്യ ആശയങ്ങളുടെയും പരമ്പരാഗത കുലത്തൊഴിൽ ധാരണകളുടെയും പുനരുജ്ജീവന ശ്രമങ്ങൾ ജനാധിപത്യ കാലഘട്ടത്തിൽ അപലപനീയമാണെന്നും മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *