ദ്വിരാഷ്ട്ര സന്ദർശനത്തിൻ്റെ രണ്ടാംഘട്ട ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലോവാക്യയിലെത്തി. സന്ദർശനത്തിനിടെ സ്ലോവാക്യൻ പ്രസിഡൻ്റ് പീറ്റർ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
1993-ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും വിവിധ മേഖലകളിലെ സഹകരണ സാധ്യതകൾ വിപുലപ്പെടുത്തുകയും ചെയ്യുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.
സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ ശേഷം എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ, ഇന്ത്യ-സ്ലോവാക്യ ബന്ധം കൂടുതൽ ദൃഢമാക്കാനും പുതിയ സഹകരണ മേഖലകൾ കണ്ടെത്താനും ഈ സന്ദർശനം അവസരമൊരുക്കുമെന്ന് മോദി പറഞ്ഞു. പ്രസിഡൻ്റ് പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി ഫിക്കോയുമായും ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.





