എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ എയിംസ് വന്നാൽ എംപി എന്ന നിലയിൽ എനിക്ക് ഗരിമയാകും. അതിനെ തടയുകയാണ് ലക്ഷ്യംമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ അവിണിശ്ശേരി പാലക്കൽ ശെരിശേരിക്കാവ് ക്ഷേത്രത്തിന് സമീപം നടന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. തൃശ്ശൂരിൽ എയിംസ് വരുന്നതിനു വേണ്ടിയിട്ടുള്ള സ്ഥലം അനുവദിക്കാത്തതിനു പിന്നിൽ കൃത്യമായിട്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. തൃശ്ശൂരിൽ എയിംസിനെ ഉൾക്കൊള്ളാൻ സാധിക്കില്ല എന്നാണ് ചീഫ് സെക്രട്ടറി അയച്ച കത്തിൽ ഉള്ളത്. അതിൽ കൃത്യമായിട്ടുള്ള രാഷ്ട്രീയം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
2016 മുതൽ കേരളത്തിന് എയിംസ് വേണമെന്ന് ആവശ്യപ്പെട്ടതാണ്. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പ് നൽകിയതാണ്. പലതവണ അത് സഭയിൽ അടക്കം പറഞ്ഞിട്ടുണ്ട്. വികസന കാര്യത്തിൽ ആലപ്പുഴ വളരെ പിന്നോക്കം നിൽക്കുന്ന ജില്ലയാണെന്നും അതുകൊണ്ടാണ് എയിംസ് ആലപ്പുഴയിൽ വരട്ടെ എന്ന് താൻ നിലപാട് സ്വീകരിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇടുക്കിക്ക് ഒരു സർപ്രൈസ് വികസനം കാത്തിരിപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് സൗഹൃദ വികസന സംവാദത്തിന് മുന്നോടിയായി ഫണ്ട് ഉപയോഗിച്ച് അവിണിശ്ശേരി പഞ്ചായത്തിൽ നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ എന്നിവർ പങ്കെടുത്തു.





