Kerala News

64-മത് കേരള സ്‌കൂള്‍ കലോത്സവം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂരില്‍ 2026 ജനുവരി 7 മുതല്‍ 11 വരെ നടക്കുന്ന 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസില്‍ സംഘാടകസമിതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളും യോഗങ്ങളും നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ ഓഗസ്റ്റ് 12 ന് ജനപ്രതിനിധികള്‍, കല-സാംസ്‌കാരിക-സാഹിത്യ നായകന്‍മാര്‍, പൗര പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപക-അനധ്യാപക പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചിരുന്നു.

ചടങ്ങില്‍ എം.എല്‍.എമാരായ എ.സി മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ. രാധാകൃഷ്ണന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം ബാലകൃഷ്ണന്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് സ്വാഗതവും ജില്ലാ എ.ഡി.പി.ഐ കെ.എസ് ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *