Kerala

തിരഞ്ഞെടുപ്പ്:* *മാധ്യമ നിരീക്ഷണ സർട്ടിഫിക്കേഷൻ സമിതി പ്രവർത്തനം ആരംഭിച്ചു

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും വേണ്ടിയുള്ള സമിതി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി-എം.സി.എം.സി) ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. സിവിൽ സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ആരംഭിച്ച എം.സി.എം.സിയുടെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു.

ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ അധ്യക്ഷനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി റോജ തുഷാര, മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ രാജു പോൾ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എൻ.ബി ബിജുവാണ് മെമ്പര്‍ സെക്രട്ടറി. 

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളാണ് സമിതിയുടെ പരിധിയിലുള്ളത്. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് ചുമതല. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും.

 ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഉപയോഗിക്കാന്‍ പാടില്ല.

 പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. 

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തോടെയുള്ള പ്രചാരണം നടത്തുന്നതിനും ഇത്തരത്തില്‍ അനുമതി തേടണം.

 അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *