Kerala News

ഹൗസ് പ്ലോട്ടുകൾ, സൗകര്യങ്ങൾ ഏർപ്പെടുത്തി നല്കിയില്ല: ഉപഭോക്തൃ കോടതിയിൽ നിന്ന് 3.10 ലക്ഷം രൂപയും പലിശയും നൽകാൻ വിധി

തൃശൂർ: ഹൗസ് പ്ലോട്ടുകൾക്ക് വാഗ്ദാനം ചെയ്ത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനെതിരെ നൽകിയ ഹർജിയിൽ ഉപഭോക്താവിന് അനുകൂല വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി മൂത്തേടത്ത് വീട്ടിൽ ജോഗേഷ് എം.ജി. (പരേതൻ) നൽകിയ പരാതിയിലാണ് എവർവിൻ റിയൽ എസ്റ്റേറ്റ് ഉടമ മനോജ് പി.എസ്. അടക്കമുള്ളവർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

പ്ലോട്ടുകൾ വിൽപ്പനയ്ക്കിടെ അതിമനോഹരമായ ബ്രോഷർ വഴി ഗേറ്റ്, ചുറ്റുമതിൽ, ടാർ ചെയ്ത അഞ്ച് മീറ്റർ വീതിയുള്ള റോഡ്, വൈദ്യുതി, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ പൊതുസൗകര്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവയിലൊന്നും തന്നെ യാഥാർത്ഥ്യത്തിൽ ഒരുക്കി നൽകിയില്ലെന്നാണ് പരാതി.

തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ച കേസിൽ കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷണർ സ്ഥലപരിശോധന നടത്തി വസ്തുതകൾ സ്ഥിരീകരിച്ച റിപ്പോർട്ട് സമർപ്പിച്ചു. ഹർജി പരിഗണിക്കുന്നതിനിടെ ജോഗേഷ് എം.ജി. അന്തരിച്ച സാഹചര്യത്തിൽ ഭാര്യ ഷൈനി ജോഗേഷ്, മക്കളായ എം.ജെ. ഗംഗ, എം.ജെ. സൂര്യദേവ് എന്നിവർ കേസിൽ കക്ഷികളായി ചേർന്നു.

തെളിവുകൾ വിശദമായി വിലയിരുത്തിയ തൃശൂർ ഉപഭോക്തൃ കോടതി (പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങൾ ശ്രീജ എസ്., ആർ. രാംമോഹൻ) എതിർകക്ഷിയുടെ നടപടി സേവനത്തിലെ ഗുരുതര വീഴ്ചയും അനുചിത വ്യാപാരപ്രവർത്തനവുമാണെന്ന് കണ്ടെത്തി.

പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനായി 1,90,000 രൂപ, നഷ്ടപരിഹാരമായി 1,00,000 രൂപ, കേസുചെലവായി 20,000 രൂപ എന്നിങ്ങനെ മൊത്തം 3,10,000 രൂപ ഹർജി തീയതി മുതൽ 9 ശതമാനം പലിശയോടെ നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഹർജിക്കാർക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *