പത്തനംതിട്ട: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. കഴിഞ്ഞവർഷംവരെ നൽകിവന്നിരുന്ന 1000 രൂപയിൽനിന്ന് 1500-ലേക്കാണ് വർധന. 12,000 കുട്ടികൾക്ക് ഒരു സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കാറുണ്ട്. എ ഗ്രേഡ് നേടുന്നവർക്ക് ട്രോഫിയും സമ്മാനത്തുകയായ 1000 രൂപയുമാണ് നൽകിവന്നിരുന്നത്. സാംസ്‌കാരിക സ്‌കോളർഷിപ്പ് എന്നാണ് സമ്മാനത്തുക അറിയപ്പെടുന്നത്.
കലാപ്രതിഭ, കലാതിലകം എന്നീ പദവികൾ നിർത്തലാക്കി ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തിയ 2006-ലെ എറണാകുളം കലോത്സവം മുതലാണ് സാംസ്‌കാരിക സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്.
5000 കുട്ടികൾ പങ്കെടുത്ത ആ കലോത്സവത്തിൽ 4000 പേർ എഗ്രേഡിനും സ്‌കോളർഷിപ്പിനും അർഹരായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കലോത്സവ ഇനങ്ങളുടെയും പങ്കെടുക്കുന്ന കുട്ടികളുടെയും എഗ്രേഡ് നേടുന്നവരുടെയും എണ്ണം കൂടിവന്നു. ഇക്കുറി ഏകദേശം 15,000 കുട്ടികളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം 12,000 കുട്ടികൾക്ക് എഗ്രേഡ് കിട്ടിയിരുന്നു. ഇത്തവണയും ആ എണ്ണം തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
ഓരോ ജില്ലയിലെയും എ ഗ്രേഡ് കിട്ടിയ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ വിദ്യാഭ്യാസവകുപ്പ് ടീം മാനേജർമാരിൽനിന്ന് വാങ്ങും. തുക ഡിഡി മാർക്ക് കൈമാറി അവിടെനിന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവുവെച്ചുകൊടുക്കും. കുട്ടികൾക്ക് ഫോം നൽകി അക്കൗണ്ട് നമ്പർ പൂരിപ്പിച്ചുവാങ്ങുന്ന രീതിമൂലം തെറ്റുകളുണ്ടാകുന്നത് പരിഗണിച്ചാണ് ഡിഡിമാർ വഴി കുട്ടികളിലേക്ക് തുകയെത്തിക്കുന്നത്.





