India Kerala News

കേന്ദ്ര ബജറ്റ് കേരളത്തിന് വികസനവാതിൽ തുറക്കുന്നു; ആരോഗ്യം മുതൽ ടൂറിസം വരെ വലിയ നേട്ടങ്ങൾ – കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട നിരവധി പദ്ധതികളുമായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ, വ്യവസായ, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, ടൂറിസം, കൃഷി, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഗുണകരമായ പ്രഖ്യാപനങ്ങളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ–ബയോ ഫാർമ മേഖലയ്ക്ക് പുതുശക്തി:
‘ബയോ ഫാർമ ശക്തി’ പദ്ധതിയിലൂടെ ആയുർവേദത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. രാജ്യത്ത് മൂന്ന് പുതിയ നാഷണൽ ബയോ-ഫാർമ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന പക്ഷം ഇതിലൊന്ന് കേരളത്തിൽ സ്ഥാപിക്കാമെന്ന സൂചനയും കേന്ദ്രം നൽകിയതായി മന്ത്രി പറഞ്ഞു.

റെയർ എർത്ത് ഇടനാഴി – കേരളത്തിന് നിർണായകം:
ഡെഡിക്കേറ്റഡ് റെയർ എർത്ത് കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന്റെ വ്യവസായ–സാമ്പത്തിക മുന്നേറ്റത്തിന് പുതിയ വഴികൾ തുറക്കുകയാണ്. റെയർ എർത്ത് ധാതുക്കൾ സമൃദ്ധമായ കേരളത്തിന്റെ കടൽത്തീരങ്ങൾ വലിയ നിക്ഷേപ സാധ്യതകൾ സൃഷ്ടിക്കും. ഇതോടൊപ്പം മൂന്ന് ഡെഡിക്കേറ്റഡ് കെമിക്കൽ പാർക്കുകൾ സ്ഥാപിക്കുമെന്നും, അതിൽ ഒന്നെങ്കിലും കേരളത്തിൽ ലഭിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എം.എസ്.എം.ഇ മേഖലയ്ക്ക് വൻ പിന്തുണ:

10,000 കോടി രൂപയുടെ എം.എസ്.എം.ഇ ഗ്രോത്ത് ഫണ്ട് കേരളത്തിലെ ചെറുകിട–ഇടത്തരം സംരംഭകർക്ക് വലിയ ഉണർവാകുമെന്ന് വിലയിരുത്തുന്നു.

അടിസ്ഥാന സൗകര്യ വികസനം വേഗത്തിൽ:
അടിസ്ഥാന സൗകര്യ വികസനത്തിനായി 12.2 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതിലൂടെ ദേശീയപാതകൾ, റെയിൽവേ, പോർട്ടുകൾ, ഹാർബറുകൾ തുടങ്ങിയ പദ്ധതികൾ കേരളത്തിൽ കൂടുതൽ വേഗത്തിൽ നടപ്പാക്കാനാകും.

തൊഴിലും പരിശീലനവും:
അലൈഡ് ഹെൽത്ത് പ്രൊഫഷണൽസിനായി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അപ്ഗ്രേഡ് ചെയ്യും. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ രംഗങ്ങളിലെവർ ഉൾപ്പെടെ ഒരു ലക്ഷം പേർക്ക് പരിശീലനം നൽകും. കൂടാതെ 1.5 ലക്ഷം പേർക്ക് കെയർ ഗീവർമാരായി പരിശീലനവും നൽകും.

മെഡിക്കൽ ടൂറിസത്തിന് കരുത്ത്:
മെഡിക്കൽ ടൂറിസത്തിന് ബജറ്റിൽ വൻ പ്രോത്സാഹനം നൽകിയിട്ടുണ്ട്. ഇത് കേരളത്തിന്റെ ആരോഗ്യ–ടൂറിസം മേഖലക്ക് പ്രത്യേക ഗുണം ചെയ്യും.

വിദ്യാഭ്യാസവും വനിതാ ക്ഷേമവും:
രാജ്യത്ത് അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും ഗേൾസ് ഹോസ്റ്റലുകൾ സ്ഥാപിക്കുന്ന പദ്ധതി ഉന്നത വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികൾക്ക് വലിയ പിന്തുണയാകും.

ടൂറിസം മേഖലക്ക് പ്രത്യേക പരിഗണന:
രാജ്യത്തെ 20 ഐകോണിക് ടൂറിസം കേന്ദ്രങ്ങളിൽ 10,000 ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനവും സർട്ടിഫിക്കേഷനും നൽകും. ഇതിൽ കുമരകവും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ടർട്ടിൽ ട്രെയിൽസ് വികസന പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതോടെ ടൂറിസം രംഗത്ത് കൂടുതൽ ഉണർവ് പ്രതീക്ഷിക്കാം.

കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം:
നാളികേര വികസനം, കോക്കോ, കശുവണ്ടി, ചന്ദനം എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മത്സ്യബന്ധന–മൃഗസംരക്ഷണ മേഖലയിൽ 500 റിസർവോയറുകളും അമൃത് സരോവറുകളും വികസിപ്പിക്കും. ലൈവ്‌സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ രൂപീകരിച്ച് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിയും നൽകും.

വനിതാ ശാക്തീകരണവും സ്റ്റാർട്ടപ്പുകളും:
സ്ത്രീ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി, സ്റ്റാർട്ടപ്പുകൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും വിപണി സൗകര്യങ്ങൾ ഉറപ്പാക്കുന്ന നടപടികളും ബജറ്റിലുണ്ട്.

ന്യൂനപക്ഷ–സാമൂഹ്യ ക്ഷേമം:
പി.എം.ജെ.വി.കെ പദ്ധതിയിൽ 2,000 കോടി രൂപ നീക്കിവച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള പ്രധാനമന്ത്രി വികാസ് സ്കീമിന് 303.27 കോടി രൂപ, UMEED പോർട്ടലിന് 32 കോടി രൂപ, ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന് 831.70 കോടി രൂപ എന്നിവയും അനുവദിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റ് കേരളത്തിന് ആരോഗ്യ, വ്യവസായ, വിദ്യാഭ്യാസ, ടൂറിസം, സാമൂഹ്യ ക്ഷേമ മേഖലകളിൽ വ്യാപകമായ വികസന സാധ്യതകൾ തുറക്കുന്ന ബജറ്റാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *