പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സാംസ്കാരിക പ്രതിരോധത്തിന്റെ പുതിയ ദിശാബോധം പകർന്ന് ഇറ്റ്ഫോക് ക്യൂറേറ്റും പ്രശസ്ത സംവിധായികയുമായ അനാമിക ഹക്സർ. കല കേവലം വിനോദമല്ലെന്നും മറിച്ച് അനീതിക്കെതിരായ ശക്തമായ ഇടപെടലാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. സൗകര്യങ്ങളിൽ നിന്നല്ല, മറിച്ച് പ്രതിരോധത്തിൽ നിന്നാണ് ഇറ്റ്ഫോക്ക് പിറന്നത്. നിശബ്ദരാക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടവീര്യമാണ് കഴിഞ്ഞ 16 വർഷമായി ഈ മേളയിൽ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ ചരിത്രം രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും സാമൂഹിക മാറ്റങ്ങളിലൂടെയും ശാസ്ത്രബോധത്തിലൂടെയുമാണ് രൂപപ്പെട്ടത്.രാജ്യം മുഴുവൻ ചലനങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള സംസ്ഥാനമായ കേരളത്തിലാണ് ലോകത്തിലെ പ്രശസ്തമായ ചലച്ചിത്രോത്സവവും കലാ-സാംസ്‌കാരിക പരിപാടിയായ കൊച്ചി ബിനാലെയും നടക്കുന്നത്. ഇപ്പോൾ അതെ നിലവാരത്തിലേക്കാണ് അന്താരാഷ്ട്ര നാടകോത്സവം ഉയർന്നത്. ഇറ്റ്ഫോക് കേവലം ഒരു വിനോദം മാത്രമല്ല, ഒരു സാംസ്കാരിക ഇടപെടൽ കൂടിയാണ്
പലസ്തീൻ കലാകാരന്മാരുടെ സാന്നിധ്യവും വയനാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്രകലാവിഷ്കാരവും ഇത്തവണത്തെ മേളയ്ക്ക് വലിയ അർത്ഥതലങ്ങൾ നൽകി. അവരുടെ സൃഷ്ടികൾ ലോകത്തെ ചോദ്യം ചെയ്യാനും സംവാദിക്കാനും പ്രേരിപ്പിക്കുന്നവയാണ്. ലോകമെമ്പാടുമുള്ള കലാകാരന്മാർ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും ഒന്നിച്ച് ശബ്ദമുയർത്തണം . രാവിലെ മുതൽ നാടകം കാണാൻ കാത്തുനിൽക്കുന്ന തൃശൂരിലെ പ്രേക്ഷകർ വിസ്മയമാണെന്നും ഇത് ജനങ്ങളുടെ ബോധമണ്ഡലത്തിലുണ്ടായ വികാസമാണെന്നും അവർ പറഞ്ഞു.
കലയെയും സ്വപ്നങ്ങളെയും പണം കൊണ്ട് നിശബ്ദമാക്കരുതെന്നും വരും വർഷങ്ങളിൽ കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണ ആവശ്യമാണെന്നും അവർ അഭ്യർത്ഥിച്ചു. വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെയും ഭാഷകളിലൂടെയും ലോകത്തെ ഒന്നിപ്പിക്കണമെന്ന സന്ദേശത്തോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്.





