Kerala News

ചെങ്ങോട്ടുകാവിൽ തെരുവുനായ്ക്കൾക്ക് നേരെ മാരകായുധ ആക്രമണം: പിന്നിൽ ആയുധ പരിശീലനമെന്ന് സംശയം; അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ ഖാദിമുക്ക് – വിദ്യാതരംഗിണി റോഡ് പരിസരത്ത് തെരുവുനായ്ക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുന്ന നിലയിൽ കണ്ടെത്തിയത് വലിയ ആശങ്കയ്ക്കും ദുരൂഹതയ്ക്കും വഴിയൊരുക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ഖാദിമുക്ക് ഭാഗത്ത് മുഖത്തും തലയിലും ആഴത്തിൽ വെട്ടേറ്റ നിലയിൽ ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സാധാരണഗതിയിൽ മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത എന്നതിലുപരി, കൃത്യമായ ലക്ഷ്യത്തോടെയും ആസൂത്രിതമായും ഏൽപ്പിച്ച മുറിവുകളാണ് നായയുടെ ശരീരത്തിലുള്ളത്. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനമായ രീതിയിൽ മൃഗങ്ങൾക്ക് നേരെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടക്കുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ വിജനമായ റോഡുകളിൽ മൃഗങ്ങളെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം വെട്ടുകൾ ഏതെങ്കിലും തരത്തിലുള്ള ആയുധ പരിശീലനത്തിന്റെയോ (Weapon Training) ലക്ഷ്യമിടൽ പരീക്ഷണങ്ങളുടെയോ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നീക്കങ്ങൾ പ്രദേശത്തെ ക്രമസമാധാനത്തിനും പൊതുസുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

സംഭവം നടന്ന ഉടൻ തന്നെ പോലീസിനെയോ വെറ്ററിനറി അധികൃതരെയോ അറിയിച്ച് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കാതെ നായയുടെ മൃതദേഹം കുഴിച്ചുമൂടിയത് കേസിന്റെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ അറിവില്ലായ്മ കൊണ്ടാകാം ഇത്തരമൊരു നടപടി ഉണ്ടായതെങ്കിലും, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള സാഹചര്യം ഇതിലൂടെ നഷ്ടമായിരിക്കുകയാണ്. മൃഗത്തിന്റെ മൃതദേഹം പുറത്തെടുത്ത് വിദഗ്ധമായ പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയാൽ മാത്രമേ ഏത് തരം ആയുധമാണ് ഉപയോഗിച്ചതെന്നും അക്രമത്തിന്റെ സ്വഭാവം എന്താണെന്നും വ്യക്തമാവുകയുള്ളൂ.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും അടിയന്തരമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ആവശ്യം ഉയരുന്നത്. ഈ സംഭവത്തിൽ പ്രാദേശികമായ അന്വേഷണമോ കൃത്യമായ തുടർ നടപടികളോ ഉണ്ടായില്ലെങ്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും (NSA), കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഉൾപ്പെടെ പരാതി നൽകി ഉന്നതതല അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *