സംസ്ഥാനത്ത് വേനല്‍ച്ചൂട് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് പുറംപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിച്ച് ലേബര്‍ കമ്മീഷണറേറ്റ് ഉത്തരവിട്ടു. ഫെബ്രുവരി 13 മുതല്‍ മേയ് 20 വരെ പ്രാബല്യത്തിലുള്ള പുതിയ ക്രമീകരണപ്രകാരം, ആകെ ജോലി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഭാത ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണം; ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് 3ന് ശേഷമേ ആരംഭിക്കാവൂ. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിക്ക് മുകളിലുള്ള പ്രദേശങ്ങളെയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത മേഖലകളെയും ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക പരിശോധനാ സംഘങ്ങള്‍ രൂപീകരിക്കും.
അതേസമയം സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. പത്തനംതിട്ടയും ഇടുക്കിയും 8 എന്ന ഓറഞ്ച് അലര്‍ട്ട് നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 വരെ സൂര്യപ്രകാശം ഏറ്റവും ശക്തമായതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയില്‍ ഒഴിവാക്കാനും മതിയായ ജലാംശം നിലനിര്‍ത്താനും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.





