Kerala News Politics

ഡോ. ചിത്രയ്ക്കെതിരായ നടപടി പ്രതിഷേധാർഹം: എസ്. സുരേഷ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദർശിച്ചു. തുടർന്ന് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം, സുഗതനെ അനുകൂലിച്ചുള്ള സർകുലറിന്റെ പേരിൽ KAS ഉദ്യോഗസ്ഥയായ ഡോ. ചിത്രയ്ക്കെതിരെ സ്വീകരിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ആരോപിച്ചു.

ഡോ. ചിത്രയുടെ നടപടി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരുന്നുവെന്നും, ഒരു കൗൺസിലർക്ക് അവധി അപേക്ഷ നൽകാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയത് എങ്ങനെ നിയമവിരുദ്ധമാകുമെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രി കെ. എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായാണ് പ്രവർത്തിക്കേണ്ടതെന്നും, മതമല്ല ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് ഭരണത്തിൽ പാലിക്കപ്പെടേണ്ടതെന്ന് മനസ്സിലാക്കണമെന്നും എസ്. സുരേഷ് പറഞ്ഞു.

കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുഗതന് ഇത്തരം അവസരം ലഭിച്ചതെന്നും, ജനാധിപത്യ സംവിധാനത്തിൽ ഇത് സാധാരണ നടപടിക്രമമാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സർക്കാരിന്റെ വർഗീയ നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിക്കുകയാണെങ്കിൽ അതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മന്ത്രി കെ. എം. ഷാജിയുടെ നിലപാടാണ് വി. ഡി. സതീശനും സ്വീകരിക്കുന്നതെന്നും, യുഡിഎഫ് സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ബിജെപി ശക്തമായ നിലപാട് തുടരുമെന്നും എസ്. സുരേഷ് പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനിഷ്കുമാർ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. ഹരി, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, ജില്ലാ സെക്രട്ടറി റോഷൻ എൻ. ആർ. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *