Culture Kerala News

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി

ഗുരുവായൂരിൽ ഭക്തർക്ക് സുഖ ക്ഷേത്രദർശനത്തിനായുള്ള വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഇന്ന് രാവിലെ തുടങ്ങി. രാവിലെ ഏഴു മുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ ദർശനം വഴി ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം നേടി.

രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തർക്ക് ആദ്യ മണിക്കൂറിൽ ദർശനം സാധ്യമായി. ഉച്ചയ്ക്ക് 1മണി വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

വെർച്വൽ ക്യൂദർശനം: തിരിച്ചറിയൽ രേഖ ഹാജരാക്കണം.

പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിൻ്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ complex ൻ്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കയ്യിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നൽകുവാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകീട്ട് നാലു മുതൽ അഞ്ചുവരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *