കൊച്ചി: ദീർഘകാലമായി യാത്രക്കാരുടെ പ്രതിഷേധങ്ങളും നിവേദനങ്ങളും തുടരുന്നതിനിടെ, പാലക്കാട്–എറണാകുളം മെമു ട്രെയിനില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവരെ എട്ട് കോച്ചുകളുമായി ഓടിയിരുന്ന ട്രെയിന്‍ ഇനി 12 കോച്ചുകളോടെയാണ് സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും. പാലക്കാട്–എറണാകുളം (66609, 66610) സര്‍വീസിനൊപ്പം കൊല്ലം–എറണാകുളം (06169, 06170), കൊല്ലം–കോട്ടയം (66316, 66315) മെമു ട്രെയിനുകളിലും നാല് അധിക കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 12 കോച്ചുകളാക്കി ഉയര്‍ത്തും.
610 സീറ്റുകളുള്ള പാലക്കാട്–എറണാകുളം മെമുവില്‍ ദിവസേന മൂവായിരത്തിലധികം യാത്രക്കാര്‍ കുത്തിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്. നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥക്കെതിരെ റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 12 കോച്ചുകള്‍ സ്ഥിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപിമാരടക്കം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍ക്ക് പലതവണ കത്തുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ ദക്ഷിണ റെയില്‍വേയ്ക്കും റെയില്‍വേ ബോര്‍ഡിനും ശുപാര്‍ശ നല്‍കിയതോടെ പുതിയ കോച്ചുകള്‍ അനുവദിക്കാന്‍ തീരുമാനമായി. യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് ഇതോടെ ഭാഗികമായി ആശ്വാസം ലഭിച്ചിരിക്കുകയാണ്.





