India News

ദേശീയപാതയിൽ സി-130 ലാൻഡിങ്; അസമിൽ ചരിത്രനേട്ടവുമായി പ്രധാനമന്ത്രി മോദി

ഗുവാഹത്തി: അസമിലെ ദേശീയപാതയിൽ സി-130 ജെ സൂപ്പർ ഹെർക്കുലിസ് വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ഒരുദിവസത്തെ സന്ദർശനത്തിനായി എത്തിയ മോദി ശനിയാഴ്ച രാവിലെ മൊറാൻ ബൈപാസിലെ ദേശീയപാത 127-ൽ നിർമ്മിച്ച പ്രത്യേക റൺവേയിലായിരുന്നു ഇറങ്ങിയത്. ഏകദേശം 4.2 കിലോമീറ്റർ നീളത്തിൽ 100 കോടി രൂപ ചെലവഴിച്ചാണ് ഈ റൺവേ ഒരുക്കിയത്. യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങളിലോ അടിയന്തര സാഹചര്യങ്ങളിൽ യുദ്ധവിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുരക്ഷിതമായി ലാൻഡ് ചെയ്യാനും പറന്നുയരാനും ഈ സൗകര്യം സഹായിക്കും. അടിയന്തര ഘട്ടങ്ങളിൽ ഡിബ്രുഗഡ് വിമാനത്താവളത്തിന് പകരമായും ഇത് പ്രവർത്തിക്കും. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഈ സംവിധാനം നിർണ്ണായകമാകുമെന്ന് മോദി എക്‌സിൽ കുറിച്ചു.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പങ്കെടുത്ത 40 മിനിറ്റ് നീണ്ട വ്യോമപ്രകടനവും നടന്നു. ചബുവ എയർഫീൽഡിൽ എത്തിയ പ്രധാനമന്ത്രിയെ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സ്വീകരിച്ചു. സന്ദർശനത്തിനിടെ വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിന് 5,450 കോടി രൂപയുടെ വിവിധ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ബിജെപിയുടെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയിലെ ആദ്യ ദേശീയപാത എമർജൻസി ലാൻഡിങ് സൗകര്യം 2021-ൽ രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *