Kerala News

സംസ്ഥാനത്ത് 27 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന്

സംസ്ഥാനത്ത് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സേവനം നൽകുന്ന വില്ലേജ് ഓഫീസുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിയിൽ 27 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി ഒരുങ്ങി. വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയായ ഈ ഓഫീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് 4.30ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിർമ്മിച്ച മിനി റവന്യൂ ടവറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

ചടങ്ങിൽ വി വി രാജേഷ് മേയർ, ശശി തരൂർ എംപി, റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്കം, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ., ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും. സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജുകളിൽ ഇതിനകം 595 എണ്ണം സ്മാർട്ട് വില്ലേജുകളായി മാറിയിട്ടുണ്ട്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്ന 117 വില്ലേജുകളിൽ 27 എണ്ണം കൂടി ഇപ്പോൾ സ്മാർട്ട് സംവിധാനത്തിലേക്ക് മാറുകയാണ്. ബാക്കിയുള്ള 173 വില്ലേജുകൾ പദ്ധതി നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. ജനസൗഹൃദ സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പാക്കുന്ന ഈ നീക്കം റവന്യൂ വകുപ്പിന്റെ സേവന നിലവാരം ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *