തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരം. കുഞ്ഞിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ രണ്ടുകുഞ്ഞുങ്ങള്‍ക്ക് പുതുജീവൻ സമ്മാനിച്ചു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതീവ വേദനയുടെ നിമിഷങ്ങളിലും അവയവദാനത്തിന് സമ്മതം നല്‍കിയ മാതാപിതാക്കളുടെ തീരുമാനം സമൂഹത്തിന് വലിയ സന്ദേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദ്യം ഹെലികോപ്റ്റര്‍ വഴി അവയവങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ റോഡ് മാര്‍ഗം കൊണ്ടുവന്നതായി മുഖ്യമന്ത്രി വിശദീകരിച്ചു.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30ഓടെ പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എം.സി. റോഡില്‍ ഉണ്ടായ അപകടത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും ഫെബ്രുവരി 13ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.





