Kerala News

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ ഇടത്തരം മഴയോ ലഭിക്കാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദ്ദം വടക്ക്–കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുര്‍ബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തിപ്പെടാൻ കാരണമാകുന്നു. ഈ കാലാവസ്ഥാ ഘടകങ്ങളുടെ സംയുക്ത സ്വാധീനമാണ് സംസ്ഥാനത്ത് മഴ തുടരാൻ ഇടയാക്കുന്നതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇതിനൊപ്പം, പകൽസമയത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യജാഗ്രത പാലിക്കണമെന്ന്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന താപനില മൂലം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *