ന്യൂഡല്‍ഹി: വിമാന യാത്രക്കാരെ ഏറെ ആശ്വസിപ്പിക്കുന്ന പുതിയ പ്രഖ്യാപനവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനകം അധിക ചാര്‍ജ് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയും.
യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ വലിയ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. ബുക്കിംഗ് നടത്തിയതിന് ശേഷം 24 മണിക്കൂറിനകം യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാനക്കമ്പനികള്‍ അധിക ഫീസ് ഈടാക്കരുതെന്നാണ് പുതിയ നിര്‍ദേശം.
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയം ‘ലുക്ക്-ഇന്‍ ഓപ്ഷന്‍’ ആയി അനുവദിക്കണം എന്ന് എയര്‍ലൈനുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളില്‍ കാന്‍സലേഷന്‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റങ്ങളുണ്ടാക്കാനോ സാധിക്കും. എന്നാല്‍ ടിക്കറ്റ് ഭേദഗതി ചെയ്യുമ്പോള്‍ പുതിയ വിമാന നിരക്ക് ബാധകമായിരിക്കും.
എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര വിമാന യാത്ര ഏഴു ദിവസത്തില്‍ താഴെയാണെങ്കിലോ, അന്താരാഷ്ട്ര യാത്ര 15 ദിവസത്തില്‍ താഴെയാണെങ്കിലോ ഈ സൗകര്യം ലഭിക്കില്ല.
റീഫണ്ട് നടപടികള്‍ 14 പ്രവൃത്തി ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താലും, റീഫണ്ടിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കുതന്നെയായിരിക്കും.
മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാല്‍, അതേ പിഎന്‍ആര്‍ ലിസ്റ്റിലുള്ള യാത്രക്കാരനോ കുടുംബാംഗമോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ റീഫണ്ടിന് അര്‍ഹതയുണ്ടാകും. ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇത് പരിഗണിക്കുക.





