ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമ ലോകത്ത് പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് സ്വന്തമാക്കിയ ആദ്യ ലോകനേതാവും രാഷ്ട്രീയ നേതാവുമായി മോദി മാറി. 2014-ലാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും സജീവവും കൂടുതല്‍ ഇടപഴകല്‍ നേടുന്ന അക്കൗണ്ടുകളിലൊന്നായി മോദിയുടെ പേജ് വളര്‍ന്നതായി വിലയിരുത്തപ്പെടുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് 1.5 കോടി ഫോളോവേഴ്സും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് 1.44 കോടി ഫോളോവേഴ്സും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് 1.16 കോടി ഫോളോവേഴ്സും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിക്ക് 64 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്. ഇന്ത്യയില്‍ ഏകദേശം 1.6 കോടി ഫോളോവേഴ്‌സോടെ യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, ഏകദേശം 1.26 കോടി ഫോളോവേഴ്‌സോടെ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്തുമുണ്ട്.




