International Kerala News

കൊച്ചി–മസ്‌കത്ത് സർവീസ് പുനരാരംഭിച്ചു; ഗൾഫ് റൂട്ടുകളിൽ ഭാഗിക സർവീസ്, പല വിമാനങ്ങളും റദ്ദാക്കി

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കൊടുവിൽ നിർത്തിവെച്ചിരുന്ന കൊച്ചി–മസ്‌കത്ത് വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. ഒമാൻ എയർ ഇന്ന് രാവിലെ 8.10ന് കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തി. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സർവീസും പുനരാരംഭിച്ചു. തിരുച്ചിറപ്പള്ളിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് ഉച്ചയ്ക്ക് 1.45ന് പുറപ്പെടും. വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ആറ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തും. മസ്‌കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. സംഘർഷത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി അബുദബിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേഴ്‌സ് വിമാനമാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയതും ശ്രദ്ധേയമാണ്.

അതേസമയം, കരിപ്പൂർ വഴി ഗൾഫിലേക്കും തിരിച്ചുമുള്ള 40 സർവീസുകൾ റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിലും അബുദാബി, ദുബൈ ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദായി. സലാം എയര്‍, ഫ്‌ളൈനസ് എന്നിവ സർവീസ് പുനരാരംഭിച്ചെങ്കിലും റിയാദിലേക്കുള്ള ചില വിമാനങ്ങൾ ലാൻഡ് ചെയ്യാതെ മടങ്ങുകയാണ്. ജിദ്ദയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ 10 ദുരിതാശ്വാസ സർവീസുകൾ നടത്തും. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ് വൈകും. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഗൾഫ് റൂട്ടുകളിലെ സർവീസുകൾ ഇന്ന് രാത്രി 11.59 വരെ നിർത്തിവെക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *