ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാനിലെ സൗത്ത് പാര്‍സിലുള്ള ഗ്യാസ് ഫീല്‍ഡിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചു.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇറാന്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. സാംറെഫ് റിഫൈനറി, ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ്, മെസയിദ് പെട്രോകെമിക്കല്‍ കോംപ്ലക്‌സ്, റാസ് ലഫാന്‍ റിഫൈനറി തുടങ്ങിയ പ്രധാന എണ്ണ ശുദ്ധീകരണശാലകളും വാതക സംസ്‌കരണ യൂണിറ്റുകളുമാണ് മുന്നറിയിപ്പ് നല്‍കിയ മേഖലകള്‍.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ ഉത്പദാന മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം അവസ്ഥ ആഗോള തലത്തില്‍ എണ്ണ, വാതക വിപണികളെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അസംസ്‌കൃത എണ്ണ വിലയില്‍ ഇതിനോടകം തന്നെ ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ എണ്ണ വിതരണത്തില്‍ മാറ്റങ്ങളുണ്ടാകും. ഹോര്‍മുസ് കടലിടുക്ക് അടച്ചതുമുതല്‍ ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്.
ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയില്‍ അകപ്പെട്ട കപ്പലുകളുടെ ഷിപ്പിംഗ് കാലതാമസം വൈകുന്നതു കൊണ്ട് ഇന്‍ഷുറന്‍സ് ചെലവുകളും വര്‍ധിക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്) വിതരണത്തില്‍ തടസം നേരിട്ടാല്‍ ആഗോള ഊര്‍ജ വിപണിയെ തന്നെ തകരാറിലാക്കും.
ക്രൂഡ് ഓയില്‍ വില വര്‍ധിച്ചാല്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ വ്യോമയാനം, ഗതാഗതം, ഉത്പാദനം തുടങ്ങിയ മേഖലകളേയും സാരമായി ബാധിക്കും.





