ഹിപ്പൊപ്പൊട്ടാമസ് ആക്രമിച്ച് ചികിത്സയിലായിരുന്ന വനിതാ മൃഗഡോക്ടര്‍ മരിച്ചു. കര്‍ണാടകയിലെ ശിവമോഗയിലെ ത്യവരെക്കൊപ്പ സഫാരി പാര്‍ക്കിലാണ് ദാരുണമായ സംഭവം. ബെംഗളൂരു സ്വദേശി ഡോ. സമീക്ഷ റെഡ്ഡിയാണ് (26) ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ചത്. വനംവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും ഒപ്പം മൃഗശാലയില്‍ പരിശീലനവും നടത്തുകയായിരുന്നു സമീക്ഷ.
വ്യാഴാഴ്ച രാത്രി 10.30ന് മൃഗശാല ആശുപത്രിയില്‍ പക്ഷിയെ ചികിത്സിക്കാന്‍ വന്നതായിരുന്നു സമീക്ഷ. പിന്നീട് 11.45ഓടെയാണ് ഡോക്ടര്‍ ഗര്‍ഭിണിയായ ഹിപ്പൊപ്പൊട്ടാമസിനരികിലെത്തിയത്. തെര്‍മല്‍ ക്യാമറ ഉപയോഗിച്ചു ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ താപനില പരിശോധനക്കായി കൂട്ടിലേക്ക് പ്രവേശിച്ചതായിരുന്നു സമീക്ഷ. പെട്ടെന്ന് തന്നെ ഹിപ്പോപൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീക്ഷയെ ശിവമോഗയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സമീക്ഷ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
സംസ്ഥാന വനംവകുപ്പ് മന്ത്രി ഈശ്വര്‍ ഖന്ദ്രെ ഡോക്ടറുടെ മരണത്തില്‍ അനശോചനമറിയിച്ചു. കുടുംബത്തിനെ സര്‍ക്കാര്‍ സഹായിക്കുമെന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം മന്ത്രി ഉന്നചചല അന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാകും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണത്തില്‍ പരിശോധിക്കും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.
മൃഗശാലകളില്‍ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അതെസമയം, കഴിഞ്ഞ മാസം ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ കെയര്‍ടേക്കറെ പുള്ളിപ്പുലി അതിക്രൂരമായി ആക്രമിച്ചിരുന്നു.





