Court India

“ഭാര്യ വീട്ടുജോലിക്കാരിയല്ല”: സുപ്രീം കോടതി

വീട്ടുജോലികൾ ചെയ്യാത്ത ഭാര്യയെ ക്രൂരയായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകംചെയ്യാത്തതു കൊണ്ട് വിവാഹ മോചനം വേണമെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം. വെള്ളിയാഴ്ച്ച ആയിരുന്നു കോടതിയിൽ കേസ് പരിഗണിച്ചത്.വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹം കഴിക്കുന്നത് ഒരു പങ്കാളിയെ ലഭിക്കാനാണെന്നും മറിച്ച് വീട്ടുജോലിക്കാരിയെ ലഭിക്കാനല്ലെന്നും, ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു.കാലം മാറുന്നതിനനുസരിച്ചു പാചകം, തുണി കഴുകൽ തുടങ്ങിയ വീട്ടുജോലികളിൽ ഭർത്താവും പങ്കുചേരണമെന്ന് ജസ്റ്റിസ് വിക്രം നാഥും ചൂണ്ടിക്കാട്ടി.ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിക്കുകയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നുമാണ് ഭർത്താവ് പരാതിയായി ഉന്നയിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതും ഭാര്യയുടെ സ്വഭാവം മാറി. തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുന്നതും മോശമായി പെരുമാറുന്നതും സ്ഥിരമായി ഭർത്താവ് ആരോപിച്ചു.അതേസമയം, ഈ ആരോപണങ്ങളെ ഭാര്യ കോടതിയിൽ നിഷേധിക്കുകയാണ് ചെയ്തത്. ഭർത്താവും കുടുംബവും സമ്മതിച്ചാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാതെ അവർ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ എതിർ വാദം ഉന്നയിച്ചു.കേസിൽ കുടുംബ കോടതി മുൻപ് വിവാഹമോചനം നൽകിയിരുന്നു. പക്ഷെ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *