കുംഭമേളയിലെ വൈറല്‍ താരമായ മോണാലിസ ബോസ്ലെയുടെ വിവാഹത്തില്‍ പോക്‌സോ കേസിന് പിറകെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചവരേയും പ്രതികളാക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് കൂട്ട് നിന്ന കേരളത്തിലെ സിപിഎം നേതാക്കളുടയേും പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുണ്ടായിട്ടുണ്ട്.
കല്യാണം നടത്തി കൊടുത്ത സിപിഎം നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷൻ്റെ കണ്ടെത്തല്‍. ഇതെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ ഭര്‍ത്താവായ ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസും ചുമത്തി. മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവുമായിരുന്നു പ്രായം. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാണ് വിവാഹം നടത്തിയതെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കണ്ടെത്തി.
മധ്യപ്രദേശിലെ ആശുപത്രി രേഖകളില്‍ നിന്നും 2009 ഡിസംബര്‍ 30നാണ് പെണ്‍കുട്ടി ജനിച്ചതെന്നാണ് അറിയുന്നത്. ഇതിനാലാണ് പോക്‌സോ കേസ് ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





