തിരുവനന്തപുരം: കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എഎ റഹീം എംപി എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ കൂട്ട് നിന്നുവെന്നാണ് പരാതി. പെണ്‍കുട്ടിക്ക് 18 വയസ് തികയാത്തതു കൊണ്ട് ഭര്‍ത്തവായ ഫര്‍മാന്‍ ഖാനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യമുയര്‍ന്നത്.
വിവാഹത്തില്‍ പോക്സോ കേസിന് പിറകെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചവരേയും പ്രതികളാക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് കൂട്ട് നിന്ന കേരളത്തിലെ സിപിഎം നേതാക്കളുടയേും പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുണ്ടായിട്ടുണ്ട്.
അതെസമയം സിപിഎം നേതാക്കളെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി എംഎ ബേബി സംസാരിച്ചു. നേതാക്കള്‍ സ്വയം വിമര്‍ശനം നടത്താനുതകുന്ന തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് എംഎ ബേബി. അഭയം പ്രാപിക്കാന്‍ കഴിയുന്ന നാടാണ് കേരളം. അതുകൊണ്ട് ഇരുവരും കേരളത്തിലെത്തി. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്ന രീതി പാര്‍ട്ടിക്കുണ്ട്. അപ്പോള്‍ എല്ലാ കാര്യങ്ങളും നോക്കാനാകില്ലെന്ന് പറഞ്ഞ എംഎ ബേബി ഇങ്ങനെയുള്ള സാങ്കേതികത്വം പരിശോധിക്കുന്നത് ഭാവിയില്‍ സഹായകരമാകുമെന്നും വിശദീകരിച്ചു.





