വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സർഗ്ഗ വിശ്വ ജ്ഞാന പുരസ്കാരം സമർപ്പിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി.ബി.ബിനു, ബെന്നി വക്കീലിന് പുരസ്കാരം സമർപ്പിച്ചത്.
ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്തു സജീവമായി ഇടപെട്ടു വരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.
വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്ന ബെന്നി വക്കീലിൻ്റെ ജീവചരിത്ര ഗ്രന്ഥം പത്മവ്യൂഹം ഭേദിച്ച് പ്രചോദനാത്മകമാണ്. ചടങ്ങിൽ സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ അനു സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷീബ സാമുവൽ, കെ.സി.കാർത്തികേയൻ, ജെയിംസ് മുട്ടിക്കൽ, ജഗതികുമാർ ,സുനിൽ പി.കെ., വി.എസ്.സെലിൻ, പി.കെ.പിള്ള എന്നിവർ പ്രസംഗിച്ചു.





