Health Kerala Medical News

ഗർഭാശയ ഗള ക്യാൻസർ: സൗജന്യ വാക്സിനേഷൻ മെയ് 31 വരെ

സ്ത്രീകളെ ബാധിക്കുന്ന രണ്ടാമത്തെ പ്രധാന ക്യാൻസറായ ഗർഭാശയ ഗള ക്യാൻസറിനെതിരെയുള്ള (സെർവിക്കൽ ക്യാൻസർ) എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനേഷൻ ക്യാമ്പയിൻ ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്.

മെയ് 31-ഓടെ ഈ പ്രത്യേക ദൗത്യം അവസാനിക്കാനിരിക്കെ, അർഹരായ എല്ലാ പെൺകുട്ടികളും വാക്സിൻ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.

നിലവിൽ ജില്ലയിൽ ലക്ഷ്യമിട്ട കുട്ടികളിൽ 34 ശതമാനം (7,496 പേർ) മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മെയ് 31 കഴിഞ്ഞ് ഈ സൗകര്യം ലഭിക്കാത്തതിനാൽ രക്ഷിതാക്കൾ ഒട്ടും വൈകാതെ ഈ അവസരം പ്രയോജനപ്പെടുത്തണം. 14 വയസ്സ് പൂർത്തിയായവർ മുതൽ 15 വയസ്സും മൂന്ന് മാസവും വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. വാക്സിനെക്കുറിച്ചുള്ള അനാവശ്യമായ ആശങ്കകളും തെറ്റിദ്ധാരണകളുമാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. എന്നാൽ സാധാരണ കുത്തിവെപ്പുകൾക്ക് ഉണ്ടാകാറുള്ള ചെറിയ വേദനയോ തടിപ്പോ അല്ലാതെ മറ്റ് പാർശ്വഫലങ്ങൾ ഇതിനില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ ഈ പ്രായപരിധിയിലുള്ള 22,358 പെൺകുട്ടികളെയാണ് ക്യാമ്പയിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ 7,496 കുട്ടികൾ (ഏകദേശം 34 ശതമാനം) മാത്രമെ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ.

വാക്സിൻ തികച്ചും സൗജന്യം

സ്വകാര്യ ആശുപത്രികളിൽ 4000 മുതൽ 6500 രൂപ വരെ വലിയ തുക നൽകേണ്ടി വരുന്ന ഈ വാക്സിൻ, ക്യാമ്പയിൻ കാലയളവിൽ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും (പി.എച്ച്.സി, എഫ്.എച്ച്.സി, സി.എച്ച്.സി, താലൂക്ക്/ജില്ലാ ആശുപത്രികൾ) തികച്ചും സൗജന്യമായാണ് നൽകുന്നത്. അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് ഏത് ദിവസമാണ് എച്ച്.പി.വി വാക്സിനേഷൻ സെഷൻ ഉള്ളതെന്ന് മനസ്സിലാക്കി കുട്ടികൾക്ക് വാക്സിൻ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നമ്മുടെ പെൺമക്കളുടെ ആരോഗ്യകരമായ ഭാവിക്ക് ഈ പ്രതിരോധ കുത്തിവെയ്പ്പ് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

​കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മാർച്ച് മാസം മുതൽ മെയ് 31 വരെ മൂന്ന് മാസക്കാലയളവിലാണ് ഈ ക്യാമ്പയിൻ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *