India News

ഓപ്പറേഷന്‍ സിന്ദൂര്‍ ;പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യ–പാകിസ്ഥാന്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയായതിന് ശേഷമാണ് പ്രധാനമന്ത്രി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഏപ്രില്‍ 22ന് കശ്മീരിലെ പെഹല്‍ഗാമില്‍ പാക് ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പട്‌നയില്‍ നടന്ന റാലിയില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇന്ത്യ മേയ് 7ന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ ഒന്‍പത് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തു. നിരവധി ഭീകരരെയും വധിച്ചു. 

തുടര്‍ച്ചയായി ഉണ്ടായ പാക് പ്രകോപനങ്ങളെ അതിജീവിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഒടുവില്‍ പാകിസ്ഥാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യ– പാക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *