Court Kerala News

കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

സി.ഐ.ടി.യു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 വയസ് ) മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50), വലിയകത്ത് ഷാജി മകൻ ഷബീർ (30), പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31), വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഷിഹാസ് (40), കാട്ടുപറമ്പിൽ ഉസ്മാൻ മകൻ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടിൽ അബൂബക്കർ മകൻ സൈനുദ്ദീൻ (51) എന്നിവരെ ഇരട്ട ജീവപര്യന്തം കഠിനതടവിനും 13.5 ലക്ഷം രൂപ പിഴയായി അടയ്ക്കാനും തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി കെ മിനിമോൾ ശിക്ഷ വിധിച്ചു.

2021 ഒക്ടോബർ 22ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊറോണ കാലഘട്ടത്തിൽ മീൻ ബിസിനസ് തുടങ്ങിയ നാച്ചു ആയത് സപ്ലൈ ചെയ്യുന്നതിനായി ടിയാന്റെ ബന്ധുവിന്റെ ട്രക്കിൽ കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ മുൻവശം വന്ന് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ ഷാജഹാന്‍, ഷബീർ, അമൽ സാലിഹ് എന്നീ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വെച്ച് നാച്ചുവിനെ ക്രൂരമായി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

മണ്ണുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഗൂഢാലോചനയുണ്ടെന്ന് കണ്ടതിനെ തുടർന്ന് സി. ഐ ശശിധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മൂന്നു മുതൽ ആറു വരെ പ്രതികളായ വലിയകത്ത് മുഹമ്മദ് കുട്ടി മകൻ ഷിഹാസ് (40), കാട്ടുപറമ്പിൽ ഉസ്മാൻ മകൻ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടിൽ അബൂബക്കർ മകൻ സൈനുദ്ദീൻ (51) എന്നിവരും നാലാം പ്രതി ഷിഹാസിന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായിരുന്നു. കൊലപാതക ദൃശ്യങ്ങൾ പതിഞ്ഞ ഇന്ത്യൻ ബാങ്ക്, സ്കൈലൈൻ അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാനും ഗൂഢാലോചന അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചു. സി.സി. ടി.വി ദൃശ്യങ്ങളില്‍ കാണുന്ന പ്രതികളെ തിരിച്ചറിയാന്‍ നഗ്ന നേത്രങ്ങളാല്‍ സാധിക്കാത്തത് പ്രോസിക്യൂഷന് വെല്ലുവിളിയായി. മാത്രമല്ല ദൃക്സാക്ഷികളെ സി.സി. ടി.വിയിലെ ദൃശ്യങ്ങളില്‍ കാണാത്തതും പ്രധാനപ്പെട്ട വാദമായി പ്രതി ഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം പ്രോസിക്യൂഷന് അതിജീവിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് ശിക്ഷ വിധിക്കാന്‍ ഇടയായത്.

കേസിന്റെ വിവിധ ഘട്ടങ്ങളിൽ സാക്ഷികൾ അടക്കമുള്ളവർക്ക് പലതവണ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്പെഷ്യൽ വിറ്റ്നസ് പ്രൊട്ടക്ഷൻ കാറ്റഗറിയിൽ ആണ് ഈ കേസ് ഉൾപ്പെടുത്തിയിരുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികള്‍ ഈ കേസിന്റെ ആവശ്യത്തി നല്ലാതെ തൃശ്ശൂർ ജില്ലയിലേക്ക് കടക്കുന്നത് കേരള ഹൈക്കോടതി വിലക്കി ഉത്തരവായിരുന്നു. വിചാരണയുടെ പല ഘട്ടത്തിലും സംഘർഷഭരിതമായ സാഹചര്യം ഉണ്ടായതിനെ തുടർന്ന് പോലീസ് കമ്മീഷണർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിനെ ഏർപ്പെടുത്തിയാണ് വിചാരണ നടത്തിയിരുന്നത്.

68 സാക്ഷികളെ വിസ്തരിച്ച കേസിൽ 207 ഓളം രേഖകളും 22 ഓളം തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്നതിനായി കോടതിയിൽ പ്രതികൾ 2021 ഒക്ടോബർ 15 മുതൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ പ്രോസിക്യൂഷൻ കോടതി യിൽ ഹാജരാക്കിയിരുന്നു. കൂടാതെ സൈബർ ഫോറൻസിക് റിപ്പോർട്ടുകളും, ഡി.എൻ.എൽ റിപ്പോർട്ടുകളും, മറ്റു ഫോറൻസിക് തെളിവുകളും പ്രോസിക്യൂഷൻ ഉപയോഗിച്ചു. പിഴ സംഖ്യയില്‍ നിന്നും 3 ലക്ഷം രൂപ മരിച്ച നാച്ചു എന്ന ഷെമീറിന്റെ അവകാശികള്‍ക്ക് നല്‍കാനും കോടതി ഉത്തരവായി.

പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ലിജി മധു എന്നിവരാണ് ഹാജരായത്. പ്രോസിക്യൂഷന്‍ സഹായിയായി ജൂലി കെ.ഡി എന്നവര്‍ പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *