
ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയി ജനറൽ എൻ എസ് രാജ സുബ്രമണി ഇന്ന് ചുമതലയേറ്റു. ശനിയാഴ്ച കാലാവധി പൂർത്തിയാക്കിയ ജനറൽ അനിൽ ചൌഹാനിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
പാകിസ്താനും ചൈനയുമായി ബന്ധപ്പെട്ട സൈനിക-തന്ത്രപരമായ വിഷയങ്ങളിൽ വിദഗ്ധനായി അറിയപ്പെടുന്ന രാജ സുബ്രഹ്മണി, സായുധ സേനകളുടെ സംയോജിത പ്രവർത്തനം ശക്തിപ്പെടുത്തുകയും സൈനിക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുക എന്ന പ്രധാന ദൗത്യത്തോടെയാണ് പുതിയ പദവിയിലേക്ക് എത്തുന്നത്.
നിയമനത്തിന് മുമ്പ് അദ്ദേഹം നാഷണൽ സെക്യൂരിറ്റി കൌൺസിൽ സെക്രട്ടറിയേറ്റിൽ (എൻഎസ് സി എസ്) മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചിരുന്നു. 2025 ജൂലൈ 31-ന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവിയിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം ഈ ചുമതല ഏറ്റെടുത്തത്.
മൂന്ന് സായുധ സേനകൾക്കിടയിലെ ഏകോപനവും സംയുക്ത പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം ശ്രദ്ധേയമാകുന്നത്.




