Education India News Politics

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം; സമരം തുടരുമെന്ന് അഭിജീത് ദിപ്കെ

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകളുടെ പേരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും, അതുവരെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിക്ക് പിന്നാലെ ഛത്രപതി സംഭാജിനഗറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദിപ്കെ. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

“ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് ശേഷം വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരുന്നതിനുള്ള അജണ്ട തയ്യാറാക്കും. ഇത് ഇവിടെ അവസാനിക്കുന്ന വിഷയമല്ല, തൊഴിലില്ലായ്മയും രാജ്യത്തെ പ്രധാന പ്രശ്‌നമാണ്,” ദിപ്കെ പറഞ്ഞു.

കഴിഞ്ഞ ഒരു ദശാബ്ദമായി രാജ്യത്തെ രാഷ്ട്രീയം ഹിന്ദു-മുസ്ലിം വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് നടന്നതെന്നും, തൊഴിലില്ലായ്മ പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന തൊഴിലവസരങ്ങളും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *