Kerala News

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി. അതേസമയം സർവകലാശാല, പി.എസ്.സി. പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

കോട്ടയം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വാർഷിക ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നീളുന്ന നിരോധനം യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്കാണ് ബാധകമായിട്ടുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുവള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് കടലിൽ പോകാൻ അനുമതിയുണ്ടാകും.

ട്രോളിങ് നിരോധനം നിലവിൽ വരുന്നതോടെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികൾക്കും അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ സഹകരണത്തോടെ നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *